സ്നേഹാലയത്തിന് ഒരു ലക്ഷം രൂപ നൽകി ജഗദീശൻ

Share

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കാട്ടാക്കട കുളത്തോട്ടുമലയിലെ സ്നേഹാലയത്തിൽ രണ്ട് വർഷമായി താമസിക്കുന്ന ആർ. ജഗദീശൻ തന്റെ സമ്പാദ്യത്തിൽ ശേഷിച്ച ഒരു ലക്ഷം രൂപ സ്നേഹാലയത്തിന് നൽകി. കെട്ടിട നിർമ്മാണ തൊഴിലാളിയായും ലോട്ടറി തൊഴിലാളിയായും ജോലി ചെയ്തിരുന്ന ജഗദീശൻ അസുഖത്തെ തുടർന്ന് കുടുംബത്തിൽ നിന്ന് ഒറ്റപ്പെട്ട സാഹചര്യത്തിലാണ് സ്നേഹാലയത്തിലെത്തിയത്. ഇക്കഴിഞ്ഞ ഓണാഘോഷ വേളയിൽ തന്റെ സമ്പാദ്യത്തുക സ്നേഹാലയത്തിന് നൽകാനുള്ള ആഗ്രഹം അദ്ദേഹം അറിയിച്ചിരുന്നു. ആവശ്യമായ കടങ്ങൾ തിരിച്ചടച്ച ശേഷം ബാങ്ക് അക്കൗണ്ടിൽ അവശേഷിച്ച ഒരു ലക്ഷം രൂപയാണ് അദ്ദേഹം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചെറുവക്കോണം സത്യൻ തുക ഏറ്റുവാങ്ങി. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചടങ്ങിൽ സന്നിഹിതരായിരുന്നു.