നാടിന്റെ യുവതയ്ക്കായി കളിയിടമൊരുങ്ങുന്നു; പാലേക്കോണത്ത് മിനി സ്റ്റേഡിയം നിർമ്മാണത്തിന് തുടക്കം

Share

വെള്ളനാട് ബ്ലോക്ക് പഞ്ചായത്തിന്റെ 2026-27 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ആര്യനാട് ഗ്രാമപഞ്ചായത്തിലെ പാലേക്കോണം ഇരിഞ്ചൽ പ്രദേശത്ത് മിനി സ്റ്റേഡിയം നിർമ്മിക്കുന്നു. പുതിയ ഭരണസമിതിയുടെ ആദ്യ പദ്ധതികളിലൊന്നായാണ് കായിക അടിസ്ഥാന സൗകര്യ വികസനത്തിന് പ്രാധാന്യം നൽകി പദ്ധതി നടപ്പാക്കുന്നത്.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. ചെറുവക്കോണം സത്യന്റെ നേതൃത്വത്തിൽ പദ്ധതിക്കായി കണ്ടെത്തിയ സ്ഥലം സന്ദർശിച്ചു. പ്രദേശത്തെ യുവാക്കളുമായി നേരിട്ട് സംവദിച്ച് അവരുടെ ആവശ്യങ്ങളും നിർദേശങ്ങളും കേട്ടു. യുവാക്കളുടെ കായിക താൽപര്യങ്ങൾക്കും പ്രദേശത്തിന്റെ ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിൽ സ്റ്റേഡിയം ഒരുക്കുന്നതിനുള്ള ആശയങ്ങൾ സന്ദർശനത്തിന്റെ ഭാഗമായി പരിഗണിച്ചു.

ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജന സജിത്ത്, വൈസ് പ്രസിഡന്റ് എസ്. കെ. രാഹുൽ, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വിഷ്ണു ആനപ്പാറ, ബ്ലോക്ക് ഡിവിഷൻ അംഗവും ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ആർ. പ്രസന്നകുമാരി, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഷീജ, ഷിബിന, ബ്ലോക്ക് പഞ്ചായത്ത് ഓവർസിയർ സന്തോഷ്‌കുമാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പ്രദേശത്തെ യുവതയുടെ കായിക സ്വപ്നങ്ങൾക്ക് പിന്തുണ നൽകുകയും ആരോഗ്യകരമായ കായിക സംസ്കാരം വളർത്തിയെടുക്കുകയും ചെയ്യുന്നതിനൊപ്പം, നാട്ടിലെ കുട്ടികൾക്കും യുവാക്കൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന മികച്ച കളിയിടമായി മിനി സ്റ്റേഡിയം ഒരുക്കുകയാണ് ലക്ഷ്യം.